‘യൂണിഫോമിനൊപ്പം ഹിജാബ് വേണ്ട’,​ അനിവാര്യ മതാചാരമല്ലെന്ന് ഹൈക്കോടതി; വിദ്യാർത്ഥിനിയുടെ ഹർജി തള്ളി

ലക്‌നൗ: സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമാണെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ലഭിക്കുന്ന അനിവാര്യമായ മതാചാരമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു!

പ്രയാഗ്‌രാജിലെ ഒരു സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് ധരിക്കുന്നത് തന്റെ മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നായിരുന്നു മുസ്ലീം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയുടെ വാദം. എന്നാൽ, ആചാരമാണെന്ന കേവല വാദം മാത്രം ഉന്നയിച്ച് മതസ്വാതന്ത്ര്യത്തിന്റെ പേരിൽ സംരക്ഷണം ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ഇസ്ലാമിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധിതമായ ഒരു ആചാരമാണെന്നും അത് പാലിക്കാതിരുന്നാൽ വിശ്വാസത്തെ ബാധിക്കുമെന്ന് തെളിയിക്കുന്ന മതപരമോ നിയമപരമോ ആയ രേഖകൾ ഹർജിയിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏകീകൃത വസ്ത്രനയത്തിന്റെ പ്രാധാന്യവും ഹൈക്കോടതി ശരിവച്ചു. ഒരു സ്കൂളിൽ ഏർപ്പെടുത്തുന്ന വസ്ത്രനയം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും വ്യക്തിപരമായ ഇഷ്ടത്തിന്റെ അടിസ്ഥാനത്തിൽ അതിൽ മാറ്റം ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ സ്കൂളിൽ ഹിജാബ് ധരിച്ചരുന്നുവെന്ന് വിദ്യാർത്ഥിനി വാദിച്ചു. എന്നാൽ, മുമ്പ് സ്‌കൂൾ ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല എന്നതുകൊണ്ട് ഏകീകൃത വസ്ത്ര നയത്തിനെ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. സ്കൂളിന് നിശ്ചിത യൂണിഫോം നയം നടപ്പാക്കാനുള്ള അനുമതി നൽകിക്കൊണ്ട് വിദ്യാർത്ഥിനിയുടെ ഹർജി ഹൈക്കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *