എടവണ്ണ ക്ഷേത്രത്തിലെ ശബ്ദമലിനീകരണം; പരാതിക്കാരന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പൊലീസ് നേരിട്ട് ഇടപെടാൻ ഉത്തരവ്

മലപ്പുറം: ക്ഷേത്രത്തിൽ അനുവദനീയമായ പരിധി ലംഘിച്ച് ശബ്ദമുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ശബ്ദമലിനീകരണ നിയമപ്രകാരം ക്യത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പൊലീസിന്റെ നിയമപരമായ ബാദ്ധ്യതയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. എടവണ്ണ കൊളപ്പാട്ട് മഹാവിഷ്‌ണു ക്ഷേത്രത്തിൽ ശബ്ദമലിനീകരണത്തിനെതിരെ പ്രദേശവാസിയായ ജയൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.

പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന ശബ്ദം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പിന്നാലെ നിയമം അനുശാസിക്കുന്ന പരിധിക്കുള്ളിൽ മാത്രമേ ഇനി ശബ്ദ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കമ്മിഷൻ ഉത്തവിട്ടു.

പരാതിക്കാരനും കുടുംബത്തിനും ശബ്ദമലിനീകരണം കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ എടവണ്ണ പൊലീസ് നേരിട്ട് ഇടപെട്ട് നിയമനടപടികൾ ഉറപ്പാക്കണം. പരാതിയിൽ ഉന്നയിച്ചിട്ടുള്ള സ്വകാര്യതാ ലംഘനം, സിസിടിവി ക്യാമറകളുടെ അനുചിതമായ ഉപയോഗം, പൊതുവഴി ഉപയോഗിക്കുന്നതിലെ തടസങ്ങൾ എന്നിവയും പൊലീസ് പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കണം.

പൗരന്റെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത, സഞ്ചാര സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് രണ്ടുമാസത്തിനുള്ളിൽ എടവണ്ണ എസ് എച്ച് ഒ നൽകണമെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *