പടിക്കലിന്റെ മികവിൽ ഇന്ത്യയ്ക്ക് ആശ്വാസം; ആദ്യ ദിനം 300 റൺസ്

ജയസൂര്യയെ തുടർച്ചയായി നേരിട്ട പടിക്കൽ ബൗണ്ടറിയിലൂടെയാണ് 99ലെത്തിയത്. രണ്ട് പന്തുകൾക്ക് ശേഷം സിംഗിളെടുത്ത് സെഞ്ച്വറി പൂർത്തിയാക്കുകയായിരുന്നു .പിന്നീട് നുവൻതയുടെ പന്തിൽ പ്രതിരോധം തകർന്നതോടെ പടിക്കൽ ബൗൾഡായി. പുറത്താകുമ്പോഴേക്കും ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

കെ.എൽ. രാഹുലിനും മികച്ച തുടക്കം മുതലാക്കാനായില്ല. ജയസൂര്യയെ സിക്സിന് പറത്തിയ രാഹുൽ പിന്നീട് കുമാരയുടെ പന്തിൽ കൂടാരം കയറി. ജയ്സ്വാളും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ച് ജയ്സ്വാളിനെ അസിത പുറത്താക്കി. വിക്കറ്റിന് പിന്നാലെ ജയ്സ്വാളും അസിതയും തമ്മിൽ വാക്കുതർക്കമുണ്ടായതും ശ്രദ്ധേയമായി.

ലങ്കൻ താരങ്ങൾ എന്തോ പറഞ്ഞതാണ് ജയ്സ്വാളിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. അസിതയും ജയ്സ്വാളും പരസ്പരം തല മുട്ടിക്കുകയും ചെയ്തു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഡിക്ക്വെല്ലയുമായി ജയ്സ്വാൾ നടത്തിയ സ്ലെഡ്ജിംഗിന്റെ തുടർച്ചയായാണ് അസിത താരത്തിന് ‘സെൻഡ് ഓഫ്’ നൽകിയത്. എന്നാൽ ശ്രീലങ്കൻ ക്യാപ്ടൻ ധനഞ്ജയ ഡി സിൽവ ഇടപെട്ടതോടെ രംഗം ശാന്തമായി.

ക്യാപ്ടൻ ശുഭ്മൻ ഗിൽ അർദ്ധസെഞ്ച്വറി നേടിയെങ്കിലും അധികനേരം ക്രീസിൽ തുടർന്നില്ല. ജയസൂര്യയ്‌ക്കെതിരെ മനോഹരമായ ഷോർട്ട് ആം പുൾ ഉൾപ്പെടെ മികച്ച ഷോട്ടുകൾ കളിച്ച ഗിൽ അസിതയുടെ പന്തിൽ എഡ്ജായി ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പടിക്കലിനൊപ്പം നാലാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റു. കുമാരയുടെ പന്ത് കൈത്തണ്ടയിൽ പതിച്ചതിനെ തുടർന്നാണ് താരത്തിന് പരിക്കേറ്റത്. അധികനേരം പിടിച്ചു നിൽക്കാനാകാതെ ജഡേജയും അസിതയുടെ പന്തിൽ ബൗൾഡായി.

Leave a Reply

Your email address will not be published. Required fields are marked *