ഉത്പാദനം കുറഞ്ഞു,​ വില കൂടി ; വിൽക്കുന്നത് കിലോയ്ക്ക് 1600 രൂപ വരെ

വൈപ്പിൻ: ഓണവിപണിയും വിവാഹസീസണും ഒരുമിച്ചെത്തിയതോടെ എറണാകുളം ജില്ലയിൽ മുല്ലപ്പൂവിന് കനത്ത വിലക്കയറ്റം. വിപണിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് 100 രൂപ വരെ എത്തിയ ഒരു മുഴം മുല്ലപ്പൂവിന്റെ നിലവിലെ വില 70 മുതൽ 80 രൂപ വരെയാണ്. ഉയർന്ന ആവശ്യകത മുതലെടുത്ത് ഇടനിലക്കാർ വില കൂട്ടുന്നതാണ് ഈ കുതിപ്പിന് കാരണം.

സ്‌കൂളുകളിലും ഓഫീസുകളിലും ഓണാഘോഷങ്ങൾ സജീവമായതോടെ സ്ത്രീകളുടെ കേരളീയ വേഷത്തിനൊപ്പം മുല്ലപ്പൂ ഒരു അവശ്യഘടകമായി മാറി. വിവാഹച്ചടങ്ങുകളിൽ പൂമാലകൾക്കായും മുടിയിൽ ചൂടാനുമൊക്കെ മുല്ലപ്പൂവിന് പകരമായി മറ്റൊരു പൂവുമില്ല. കർണാടകയിൽ നടക്കുന്ന വരലക്ഷ്മി വ്രതം പോലുള്ള ചടങ്ങുകൾക്കായി മുല്ലപ്പൂവിന്റെ ആവശ്യക്കാർ വർദ്ധിച്ചതും വിലക്കയറ്റത്തിന് ആക്കംകൂട്ടി. ലഭ്യതക്കുറവ് കാരണം മാർക്കറ്റിലേക്ക് എത്തുന്ന മുല്ലപ്പൂക്കൾക്കായി വ്യാപാരികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.

വിപണിയിൽ കഴിഞ്ഞ ആഴ്ച ഒരു കിലോ മുല്ലപ്പൂവിന് 800 രൂപയായിരുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ 1600 രൂപയായി കുത്തനെ ഉയർന്നു. തമിഴ്‌നാട്ടിലെ തേനി, മധുര, കോയമ്പത്തൂർ, ശങ്കരൻകോവിൽ എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലേക്ക് പ്രധാനമായും മുല്ലപ്പൂക്കൾ എത്തുന്നത്.

കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ മുല്ലപ്പൂക്കളുടെ ഉത്പാദനം വളരെ കുറവാണ്. കുറ്റിമുല്ലയ്ക്ക് നല്ല വെയിൽ ലഭിച്ചാൽ മാത്രമേ പൂക്കൾ ഉണ്ടാവുകയുള്ളൂ. മഴക്കാലമാകുന്നതോടെ മുല്ല പൂക്കുന്നത് നിലയ്ക്കും. വെള്ളക്കെട്ടില്ലാത്തതും ജൈവാംശമുള്ളതുമായ മണൽ കലർന്ന പശിമരാശി മണ്ണാണ് കുറ്റിമുല്ല കൃഷിക്ക് ഏറ്റവും ഉത്തമം. എന്നാൽ,​ ലാഭം കുറവായതിനാൽ മുൻപത്തെപ്പോലെ കുറ്റിമുല്ല കൃഷിക്ക് കേരളത്തിലെ കർഷകർ പ്രാധാന്യം നൽകുന്നില്ല. ചെടികളെ ബാധിക്കുന്ന ഇലപ്പുള്ളി രോഗവും മുകുളം ചീയലും കർഷകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *