ഒരു വയസിൽ അച്ഛൻ ഉപേക്ഷിച്ചുപോയി. എട്ടാം ക്ളാസിലെത്തിയപ്പോൾ അമ്മയും പിന്നീട് മൂന്നു സഹോദരങ്ങളും മൺമറഞ്ഞു. സീനയ്‌ക്കൊപ്പം ബാക്കിയായത് ചേച്ചി ഡീന മാത്രം. കൂട്ടിന് പട്ടിണി, അനാഥത്വം. ഉച്ചയ്‌ക്ക് കൂട്ടുകാർ ഭക്ഷണം കഴിക്കുമ്പോൾ മാറിയിരുന്ന് കരയുമായിരുന്നു സീന.
പക്ഷേ, ഫുട്ബോളിലൂടെ സീന ജീവിതം തിരിച്ചുപിടിച്ചു. അന്തർദേശീയ താരവും കോച്ചുമായി. ദുരിത ജീവിതത്തെ പന്തുതട്ടി നേരിട്ട പ്രചോദനാത്മകജീവിതം ഒടുവിൽ ഇടംപിടിച്ചത് പ്ളസ് വൺ മലയാളം പാഠ പുസ്‌തകത്തിൽ. എറണാകുളം ചളിക്കവട്ടം സ്വദേശി സീനയുടെ ജീവിതം 56-ാം വയസിലും പന്തിനുചുറ്റും കറങ്ങുന്നു.
മരിക്കുന്നതുവരെ അമ്മ കാർത്യായനി കൂലിപ്പണിക്ക് പോയിരുന്നു. അന്നേരം വീടിനടുത്ത് കുട്ടികൾക്കൊപ്പം പന്ത് തട്ടി. വീട്ടിൽ തനിച്ചായപ്പോൾ, സീനയേയും ചേച്ചിയേയും ബന്ധുവായ അജിത നാരായണൻ കൂട്ടിക്കൊണ്ടുപോയി. അവരുടെ വീട്ടിൽ വളർന്നു. പതിനൊന്നാം വയസിൽ കളത്തിലിറങ്ങി. സ്കൂൾ ടീമിലും ക്ളബ്ബുകളിലും കളിച്ചു. ജില്ലാ ടീമിലെത്തി. വിവാഹം വേണ്ടെന്നുവച്ച് ഫുട്ബാേളിനായി ജീവിതം സമർപ്പിച്ചു.
കേരള, തമിഴ്നാട്, കർണാടക ടീമുകൾക്ക് വേണ്ടിയും കളിച്ചു. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ തിളങ്ങി. മിഡ്ഫീൽഡായിരുന്നു പ്രിയം. 2016ൽ കളി അവസാനിപ്പിച്ചു. 2000ൽ ജി.എസ്.ടി വകുപ്പിൽ ക്ളർക്കായി. കെ.എഫ്.എയുടെ ഉൾപ്പെടെ അംഗീകൃത കോച്ചുമായി. മരടിൽ സീനാസ് ഫുട്ബാൾ അക്കാഡമി നടത്തുന്നുണ്ട്. തൃപ്പൂണിത്തുറ ശ്രീനാരായണ പബ്ളിക് സ്കൂളിന്റെ ഫുട്ബാൾ കോച്ചുമാണ്.
ഹെഡ് കോച്ച് വരെ
1988 ദേശീയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പ് ടീമംഗം
1989 ഫെഡറേഷൻ കപ്പിൽ കേരള ടീമംഗം
1997 ജർമ്മനിയിലെ മത്സരത്തിൽ ഇന്ത്യൻ ടീമംഗം
2000 ഐ ലീഗിൽ വെസ്റ്റ് ബംഗാൾ ക്ളബ് അംഗം
2002 നാഷണൽ ഗെയിംഗ് ഹൈദരാബാദ്
2014 സീനിയർ വനിതാ നാഷണൽ ചാമ്പ്യൻഷിപ്പ്
2013 ജൂനിയർ ഗേൾസ് നാഷണൽ ചാമ്പ്യൻഷിപ്പ് കേരള കോച്ച്
2021 ദേശീയ ചാമ്പ്യനായ കേരള ടീമിന്റെ മാനേജർ
2025 ബംഗളൂരുവിലെ അസ്മിത കപ്പിൽ ഹെഡ് കോച്ച്